ജാക്സൺ പൊള്ളോക്ക് | |
Studio portrait at about age 16 | |
ജനനപ്പേര് | പോൾ ജാക്സൺ പൊള്ളോക്ക് |
ജനനം | ജനുവരി 28, 1912 കോഡി, വ്യോമിങ്ങ് |
മരണം | ഓഗസ്റ്റ് 11, 1956 (പ്രായം: 44) സ്പ്രിങ്ങ്സ്, ന്യൂയോർക്ക് |
പൗരത്വം | അമേരിക്കൻ |
രംഗം | ചിത്രകാരൻ |
പ്രസ്ഥാനം | അമൂർത്ത എക്സ്പ്രഷനിസം |
അഭ്യുദയകാംഷികൾ | പെഗ്ഗി ഗുഗ്ഗെൻഹീം |
പുരസ്കാരങ്ങൾ | ഇല്ല. |
പോൾ ജാക്സൺ പൊള്ളോക്ക് (ജനുവരി 28, 1912 - ഓഗസ്റ്റ് 11, 19560 ആധുനിക ചിത്രകലയെ സ്വാധീനിച്ച ഒരു അമേരിക്കൻ ചിത്രകാരനും അമൂർത്ത എക്സ്പ്രഷനിസ്റ്റ് പ്രസ്ഥാനത്തിലെ ഒരു പ്രധാന പ്രേരക ശക്തിയുമായിരുന്നു.1956 ഡിസംബറിൽ, അദ്ദേഹത്തിന്റെ മരണത്തിന് നാല് മാസങ്ങൾക്ക് ശേഷം, ന്യൂയോർക്ക് സിറ്റിയിലെ മ്യൂസിയം ഓഫ് മോഡേൺ ആർട്ടിൽ (MoMA) പൊള്ളോക്കിന് ഒരു സ്മാരക റിട്രോസ്പെക്റ്റീവ് എക്സിബിഷൻ നൽകി. 1967-ൽ അദ്ദേഹത്തിന്റെ സൃഷ്ടികളുടെ ഒരു വലിയ, കൂടുതൽ സമഗ്രമായ പ്രദർശനം അവിടെ നടന്നു. 1998 ലും 1999 ലും, MoMA യിലും ലണ്ടനിലെ ടേറ്റിലും അദ്ദേഹത്തിന്റെ സൃഷ്ടികൾ വലിയ തോതിലുള്ള റിട്രോസ്പെക്റ്റീവ് എക്സിബിഷനുകൾ നൽകി ആദരിച്ചു.
അഞ്ചു മക്കളിൽ ഏറ്റവും ഇളയവനായ പൊള്ളോക്ക് 1912-ൽ അമേരിക്കയിലെ കോഡി, വ്യോമിങ്ങ് എന്ന സ്ഥലത്ത് ജനിച്ചു. അരിസോണയിലും കാലിഫോർണിയയിലും ആയിരുന്നു ബാല്യം. കാലിഫോർണിയയിലെ മാന്വൽ ആർട്ട്സ് ഹൈ സ്കൂളിൽ ആയിരുന്നു പഠിച്ചത്. 1930-ൽ തന്റെ സഹോദരനായ ചാൾസിനെ പിന്തുടർന്ന് ജാക്സൺ പൊള്ളോക്ക് ന്യൂയോർക്ക് സിറ്റിയിലേക്ക് താമസം മാറി. ഇവർ ഇരുവരും തോമസ് ഹാർട്ട് ബെന്റൺ എന്ന ചിത്രകാരന്റെ കീഴിൽ ആർട്ട്സ് സ്റ്റുഡന്റ്സ് ലീഗിൽ ചിത്രകല പഠിച്ചു. പൊള്ളോക്കിന്റെ ആദ്യകാല ചിത്രങ്ങളിൽ ബെന്റണിന്റെ സ്വാധീനം കാണുവാൻ സാധിക്കും, പ്രത്യേകിച്ച് വളഞ്ഞുപുളഞ്ഞ് തിരമാലകൾ പോലെ താളത്തിലുള്ള വരകളിലും ചിത്രങ്ങൾക്ക് വിഷയമായി ഗ്രാമീണ വിഷയങ്ങൾ തിരഞ്ഞെടുക്കുന്നതിലും.
1956ലാണ് മദ്യലഹരിയിൽ കാറോടിച്ചപ്പോഴുണ്ടായ അപകടത്തിൽ മരണമടഞ്ഞു.
2000ൽ അമേരിക്കൻ ചലച്ചിത്രകാരൻ എഡ്ഹാരിസ് തിരക്കഥയെഴുതി പൊള്ളോക്ക് എന്ന ചിത്രം സംവിധാനംചെയ്തു. എഡ് ഹാരിസുതന്നെയാണ് സിനിമയിൽ പൊള്ളോക്കിനെ അവതരിപ്പിച്ചത്.
1936-ൽ ഒരു ന്യൂയോർക്ക് സിറ്റിയിൽ നടന്ന പരീക്ഷണ പാഠശാലയിൽ മെക്സിക്കൻ മ്യൂറൽ ചിത്രകാരനായ ഡേവിഡ് അല്ഫാരോ സിക്വീറോസ് പൊള്ളോക്കിന് ആദ്യമായി ദ്രവ പെയിന്റ് പരിചയപ്പെടുത്തി. 1940-കളുടെ തുടക്കത്തിൽ പൊള്ളോക്ക് പെയിന്റ് കോരി ഒഴിക്കുന്നത് തന്റെ കാൻവാസുകളിൽ പല ശൈലികളിൽ ഒന്നായി ഉപയോഗിച്ചു. “മെയിൽ ആന്റ് ഫീമെയിൽ”, “കമ്പോസിഷൻ വിത്ത് പോറിങ്ങ് I“ തുടങ്ങിയ ചിത്രങ്ങളിൽ പൊള്ളോക്ക് ഈ ശൈലി ഉപയോഗിച്ചു. സ്പ്രിങ്ങ്സിലേക്ക് താമസം മാറിയ ശേഷം പൊള്ളോക്ക് കാൻവാസുകളെ നിലത്ത് വിരിച്ച് ചിത്രം വരച്ചു തുടങ്ങി. “ഡ്രിപ്പ് റ്റെക്നിക്ക്” എന്ന് പിൽക്കാലത്ത് അറിയപ്പെട്ട തന്റെ ശൈലി രൂപപ്പെടുത്തി. എങ്കിലും തുളുമ്പുക എന്നതിനെക്കാൾ കോരി ഒഴിക്കുക എന്നതായിരിക്കും കൂടുതൽ യോജിക്കുന്ന വാക്ക്. പൊള്ളോക്ക് കട്ടിപിടിച്ച ബ്രഷുകളും വടികളും കേക്കിനും മറ്റും ഐസിങ്ങ് ഇടാൻ ഉപയോഗിക്കുന്ന തടിച്ച സിറിഞ്ചുകളും വരെ ചിത്രം വരയ്ക്കുന്നതിനുള്ള ഉപകരണങ്ങളായി ഉപയോഗിച്ചുതുടങ്ങി. പൊള്ളോക്കിന്റെ പെയിന്റ് കോരിഒഴിക്കുന്നതും തുളുമ്പുന്നതുമായ ശൈലി ആണ് ആക്ഷൻ പെയിന്റിംഗ് എന്ന പദത്തിന്റെ ഉൽപ്പത്തിക്കു കാരണം എന്ന് വിശ്വസിക്കപ്പെടുന്നു.
ചിത്രനിർമ്മാണത്തിന്റെ പാതയിൽ പൊള്ളോക്ക് രൂപകരമായ പ്രതിനിധാനത്തിൽ നിന്ന് (figurative representation) മാറി, ഈസലും ബ്രഷും ഉപയോഗിക്കുന്ന പാശ്ചാത്യ സമ്പ്രദായത്തെ അദ്ദേഹം വെല്ലുവിളിച്ചു. കൈയും കൈത്തണ്ടയും മാത്രം ചിത്രം വരക്കാൻ ഉപയോഗിക്കുന്നതിനെയും പൊള്ളോക്ക് എതിർത്തു. 1956-ൽ റ്റൈം മാസിക പൊള്ളോക്കിന്റെ സവിശേഷ ചിത്രരചനാശൈലിയുടെ ഭലമായി പൊള്ളോക്കിനെ ജാക്ക് ദ് ഡ്രിപ്പർ എന്ന് വിളിച്ചു.
“ | എന്റെ പെയിന്റിംഗ് ഈസലിൽ നിന്ന് വരുന്നില്ല. നീട്ടിനിവർത്താത്ത കാൻവാസ് തറയിലെ കട്ടി പ്രതലത്തിൽ ഉറപ്പിക്കുവാനാണ് എനിക്കിഷ്ടം. എനിക്ക് ഒരു കട്ടിയുള്ള പ്രതലത്തിന്റെ പ്രതിരോധം വേണം. തറയിൽ ഞാൻ കൂടുതൽ അനായാസവാനാണ്. എനിക്ക് ചിത്രത്തോട് കൂടുതൽ അടുത്തായി തോന്നുന്നു, ഞാൻ ചിത്രത്തിന്റെ ഭാഗമാണെന്ന് തോന്നുന്നു, കാരണം ഈ രീതിയിൽ എനിക്ക് ചിത്രത്തിനു ചുറ്റും നടക്കാം, നാലു വശത്തുനിന്നും വരക്കാം, അക്ഷരാർത്ഥത്തിൽ ചിത്രത്തിൽ ആവാം. | ” |
“ | ഞാൻ ചിത്രകാരന്മാരുടെ സാധാരണ ഉപകരണങ്ങളായ ഈസൽ, ചായക്കൂട്ട്, ബ്രഷുകൾ തുടങ്ങിയവയിൽ നിന്ന് കൂടുതൽ കൂടുതൽ അകന്നുകൊണ്ടിരിക്കുന്നു. ഞാൻ വടി, കോരി, ഒലിക്കുന്ന പെയിന്റ്, അല്ലെങ്കിൽ കട്ടിയുള്ള പെയിന്റ് (ഇമ്പാസ്റ്റോ), തുടങ്ങിയവ മണ്ണ്, കണ്ണാടി, അല്ലെങ്കിൽ മറ്റ് വസ്തുക്കൾ എന്നിവ ഉപയോഗിക്കാൻ താല്പര്യപ്പെടുന്നു.
ഞാൻ എന്റെ ചിത്രത്തിൽ ആയിരിക്കുമ്പോൾ ഞാൻ എന്താണ് ചെയ്യുന്നതെന്ന് ഞാൻ തന്നെ അറിയുന്നില്ല. ഒരു പരിചയപ്പെടൽ സമയം കഴിയുമ്പോൾ മാത്രമേ ഞാൻ എന്താണ് ചെയ്തതെന്ന് ഞാൻ അറിയുന്നുള്ളൂ. എനിക്ക് മാറ്റങ്ങൾ വരുത്തുന്നതിനോ ചിത്രം നശിപ്പിക്കും എന്നോ ഭയം ഇല്ല. ചിത്രത്തിന് അതിന്റേതായ ഒരു ജീവിതം ഉണ്ട്. ഞാൻ അതിനെ വളരാൻ സമ്മതിക്കുന്നു. എനിക്ക് ചിത്രവുമായി ഉള്ള ബന്ധം നഷ്ടപ്പെടുമ്പോൾ മാത്രമേ ചിത്രം അലങ്കോലം ആവുന്നുള്ളൂ. അല്ലെങ്കിൽ അവിടെ ഒരു സമജ്ഞത ഉണ്ട്, ഒരു അനായാസമായ കൊടുക്കൽ വാങ്ങൽ, ചിത്രം ഒടുവിൽ മനോഹരമായി വരുന്നു |
” |